ന്യൂഡൽഹി: ഗുജറാത്തിനും ഉത്തരാഖണ്ഡിനും പിന്നാലെ ആസാം നിയമസഭയും ഏകീകൃത സിവിൽ കോഡ് പാസാക്കി. മൂന്നാമതു ബിജെപി ഭരണ സംസ്ഥാനത്തു കൂടി വിവാദ യൂണിഫോം സിവിൽ കോഡ് (യുസിസി) ബിൽ പാസാക്കിയതോടെ, കൂടുതൽ സംസ്ഥാനങ്ങൾ ഇതേ മാതൃക പിന്തുടരുമെന്നു വ്യക്തമായി.
കോണ്ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ ബഹളത്തിനിടെയാണു 126 അംഗ ആസാം നിയമസഭ ബിൽ ഇന്നലെ പാസാക്കിയത്. ആസാമിലെ എല്ലാ പട്ടികവർഗക്കാരെയും ബില്ലിലെ വ്യവസ്ഥകളിൽനിന്നൊഴിവാക്കിയിട്ടുണ്ട്. ആദിവാസി സമൂഹങ്ങളുടെ പരന്പരാഗത നിയമങ്ങൾ തുടരാം. ഗവർണറുടെ അനുമതിക്കുശേഷം വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ ബിൽ നിയമമാകും.
ബഹുഭാര്യത്വം നിരോധിക്കാനും വിവാഹങ്ങളുടെയും ലിവ് ഇൻ ബന്ധങ്ങളുടെയും രജിസ്ട്രേഷൻ നിർബന്ധമാക്കാനും ബിൽ നിർദേശിക്കുന്നു. കരടു നിയമപ്രകാരം, വിവാഹ ചടങ്ങു കഴിഞ്ഞ് 60 ദിവസത്തിനുള്ളിലും ഒരുമിച്ചു താമസിക്കുന്ന (ലിവ് ഇൻ ബന്ധം) കമിതാക്കൾ 30 ദിവസത്തിനുള്ളിലും രജിസ്റ്റർ ചെയ്യണമെന്നു കരടു നിയമത്തിലുണ്ട്. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ 10,000 രൂപ പിഴ ഈടാക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
മുസ്ലിം സ്ത്രീകൾക്കു സുരക്ഷ ഉറപ്പാക്കാനാണ് ഏകീകൃത സിവിൽ കോഡ് പാസാക്കിയതെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങൾക്കും സമത്വത്തിനും വേണ്ടിയുള്ള ചരിത്രപരമായ ചുവടുവയ്പാണിത്.
പതിറ്റാണ്ടുകളായി അടിച്ചമർത്തപ്പെടുന്ന ന്യൂനപക്ഷ സമുദായത്തിലെ സ്ത്രീകൾക്കു പുതിയ സ്വാതന്ത്ര്യവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുമെന്നും ഹിമന്ത പറഞ്ഞു. ബിൽ പാസാക്കിയതിലൂടെ ബിജെപി സർക്കാർ മറ്റൊരു തെരഞ്ഞെടുപ്പു വാഗ്ദാനംകൂടി നിറവേറ്റിയതായും അദ്ദേഹം പറഞ്ഞു.
എല്ലാ പട്ടികവർഗ, ആദിവാസി സമൂഹങ്ങളെയും ഏകീകൃത സിവിൽ കോഡിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്ന ബില്ലിനെ ഏകീകൃതം എന്നു വിളിക്കാനാകില്ലെന്ന് കോണ്ഗ്രസ് ചൂണ്ടിക്കാട്ടി. ആദിവാസി, ചില ആദിവാസി ഇതര സമൂഹങ്ങൾക്കു ബില്ലിൽ പ്രത്യേക വ്യവസ്ഥകളുണ്ട്. ആദിവാസിയല്ലാത്ത ആരെങ്കിലും ലിവ് ഇൻ ബന്ധത്തിലുണ്ടെങ്കിൽ രജിസ്റ്റർ ചെയ്യണമെന്നു ബിൽ പറയുന്നു.
ആദിവാസിയല്ലാത്ത ഒരാൾ ആദിവാസിയോടൊപ്പം ഒരുമിച്ചു താമസിച്ചാൽ എന്തു സംഭവിക്കും? ജനങ്ങളുടെ ക്ഷേമത്തിനാണെങ്കിൽ ഒരു സമുദായത്തെ ഒഴിവാക്കുന്നതെന്തിനാണെന്ന് കോണ്ഗ്രസ് എംഎൽഎ സുബൈർ അനം ചോദിച്ചു.